ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

"കേൾക്കാൻ ഒരാളെ കിട്ടാന്ന് പറഞ്ഞാ ചെറിയ കാര്യമല്ല" !!!

 

           വിജയ് യോട് പൗർണമി അന്ന് ഇതുപറഞ്ഞപ്പോൾ പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയിരുന്നില്ല. എന്നാൽ ഇന്ന് അതിന്റെ പ്രസക്തിയും അത് മനസിലാക്കി വരുന്നവരുടെയും എണ്ണം ഏറെയാണ്. ചുറ്റും ഒരുപാട് പേരുണ്ട്, പ്രിയപ്പെട്ടവർ, ജീവന് തുല്യം സ്നേഹിക്കുന്നവർ -പക്ഷേ കേൾക്കാൻ ഒരാളില്ല!! പറയുമ്പോൾ വിരോധാഭാസവും കേട്ടാൽ നിസാരമെന്നും തോന്നുമെങ്കിലും ഗൗരവമേറിയതാണ് വിഷയം. മനസ്സിലുള്ള കാര്യങ്ങൾ, വിഷമങ്ങൾ, ആശങ്കകൾ, ആരോടെങ്കിലും പറയാൻ കഴിയാതെ വിയർപ്പുമുട്ടി കഴിയുന്നവർ ഒരുപാടാണ്. പുറമെ ഒരു ചിരി ഒട്ടിച്ചുവെച്ചു ജീവിക്കുന്നവർ. അവർക്ക് ഇല്ലാത്തത് ഒരുപക്ഷേ ഒരു നല്ല സുഹൃത്തിനെയാകാം.

        ഇനി മറ്റു ചിലരുണ്ട്, യാതൊരു കാരണവുമില്ലാതെ വിഷമിക്കുന്നവർ... ജീവിതത്തിൽ ഒരിക്കലെങ്കിലും അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവരാണ് നമ്മളിൽ ഏറെയും. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ ദേഷ്യം, സങ്കടം, നിരാശ, നിസ്സംഗത, തുടങ്ങി ഒരുപാട് വികാരങ്ങൾ മനസ്സിലൂടെ ഒരേ സമയം കടന്നു പോകും. തുറന്നു പറയാനുതകുന്ന ജീവിത പ്രശ്നങ്ങൾ ഒന്നും തന്നെ ഇവർക്കുണ്ടാകില്ല! എങ്കിലും എന്തൊക്കെയോ ഇവരെ അലട്ടുന്നു. വ്യക്തമായി പറയാൻ ആരോടും പ്രശ്നങ്ങളോ വിദ്വേഷമോയില്ല. പിന്നെയെന്ത്???

        ഒരുതരം ഒറ്റപെടലാകാം ഇക്കൂട്ടരെ ഭരിക്കുന്നത്. എല്ലാവരുമുണ്ട് എന്നാൽ ആരുമില്ലാത്ത അവസ്ഥ. ചുറ്റുമുള്ള എല്ലാവരും പ്രിയപെട്ടവരാണ്, നമ്മൾ വിഷമിച്ചിരിക്കുന്നത് കാണുമ്പോൾ ചങ്കു പിടയുന്നവർ എന്നാൽ അവർക്കെല്ലാം ആവശ്യം ചിരിച്ച മുഖവും, പ്രസന്നമായ പെരുമാറ്റവും. എന്തും സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ഒരുപാടു പേരുണ്ട്, എന്നാൽ പേരറിയാത്ത ആശങ്കയെ പറ്റി എന്ത് പറയാനാണ്?? എങ്ങനെ പറഞ്ഞു ഫലിപ്പിക്കാനാണ്?? നിമിഷങ്ങൾ കൊണ്ട് പൊട്ടിക്കരയുന്ന വ്യക്തിക്ക് പോലും സ്വയം മനസിലാക്കാനാകാത്ത ആ 'കാരണം' മറ്റൊരാൾ കണ്ടുപിടിച്ചു പരിഹാരം നിർദേശിക്കുക എന്നത് ചുമരില്ലാത്ത ഒരുതരം ചിത്രം വരയ്ക്കലാണ്.

        എന്താണ് ഇത്തരം അവസ്ഥകളുടെ യഥാർത്ഥ കാരണം?? ശാസ്ത്രിയമായി ഇതിനെ പറ്റി വിവരിക്കുക എന്നത് അപ്രാപ്യമെങ്കിലും ഒരു സാധ്യത പറഞ്ഞുവെയ്ക്കട്ടെ. എപ്പോഴെങ്കിലും മനസ്സിൽ വീണുപോയ ഒരു കാരണത്തെ അല്ലെങ്കിൽ ഒരു അനുഭവത്തെ നമ്മൾ മറന്നാലും, നമ്മുടെ ഉപബോധമനസ്സ് അതിന്റെ അടിത്തട്ടിൽ പരിഹരിക്കപ്പെടാത്ത, അല്ലെങ്കിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അതിനെ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി അടുക്കി വെയ്ക്കുന്നു. ആ ഇമോഷൻസ് പുറത്തു വരുന്നത് ഇത്തരം 'കാരണമറിയാത്ത ആശങ്ക'കളിലൂടെയും.

        ഇതിൽ നിന്ന് പുറത്തു വരാൻ രണ്ടു വാതിലുകളാണ് ഉള്ളത്. ഒന്ന് ഭാഗ്യവും, രണ്ട് പരിശ്രമവും. ഒന്നാമത്തെ മാർഗം ഒരു ഭാഗ്യമാണ്, നമ്മൾ പോലുമറിയാതെ നമ്മുടെ ഉള്ളിലുള്ള ആ negative emotions നെ deviate ചെയാൻ കഴിവുള്ള പ്രിയപ്പെട്ട ഒരു വ്യക്തി. അങ്ങനെയൊരു വ്യക്തി ജീവിതത്തിൽ ഉണ്ടാവുകയെന്നത് വലിയൊരു ഭാഗ്യമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ പൗർണമി പറഞ്ഞ നമ്മളെ 'കേൾക്കാൻ കിട്ടിയ ആ ഒരാൾ'. വല്ലാത്ത positive vibe ആയിരിക്കും അവർ നമ്മളിൽ നിറയ്ക്കുന്നത്. അത് ചിലപ്പോൾ മാതാപിതാക്കളാകാം, സഹോദരങ്ങളാകാം, ജീവിതപങ്കാളിയാകാം, സുഹൃത്താകാം... ഇവരോട് ഒന്നും വിശദീകരിച്ചു കൊടുക്കേണ്ട കാര്യം വരില്ല! നല്ല സംഭാഷണങ്ങളിലൂടെ ഒരു ഞൊടി കൊണ്ട് ഏത് unreasonable anxiety ൽ നിന്നും ഇവർ പുറത്തു കൊണ്ടുവരും. മനസ്സു തുറന്നുള്ള ഒരു സംസാരം എന്നത് ഉള്ളിൽ കുഴിച്ചു മൂടിയ സങ്കടങ്ങളും ഭൂതകാലവും ചികഞ്ഞു പുറത്തേക്കിടുക എന്നല്ല! അത് ഒരുതരം meditation ആണ്. കാരണമറിയാതെ വഴിതെറ്റി വന്ന ആശങ്കകളെ പരിഹാരമൊന്നും ചെയ്യാതെ പരിഹരിക്കുന്ന രീതി.

        രണ്ടാമത്തേത് പരിശ്രമമാണ്, ഇവിടെ ഒരു  ഇടനിലക്കാരനില്ല!! സ്വയം മനസ്സിനെ സുഖപ്പെടുത്തുക അഥവാ self healing നടത്തുക. അമാവാസിയിൽ നിന്ന് പൗര്ണമിയിലേക്കുള്ള ചന്ദ്രന്റെ യാത്ര പോലെയാണ് അത്. വൃദ്ധിക്ഷയം സംഭവിക്കുന്ന ചന്ദ്രൻ സ്വയം പൂർണ്ണനാകുന്നത് പോലെ നമ്മളും ജീവിതത്തിൽ പല ഘട്ടങ്ങളിലൂടെയാണ് കടന്നു പോകുന്നത്. വളരെ ശ്രമകരവും എന്നാൽ ഫലപ്രദവുമായ രീതിയാണിത്. ഇവിടെ നമ്മൾ നമ്മളോട് തന്നെ സംവദിക്കുകയാണ്. ആദ്യം തന്നെ എന്ത് വികാരമാണോ മനസ്സിലേക്ക് വരുന്നത്, അത് പ്രകടിപ്പിക്കുക. പൊട്ടിക്കരയുക, ദേഷ്യപെടുക.. പിന്നീട് ശാന്തമായി ഒറ്റയ്ക്ക് ഒരിടത്തിരുന്നു ചിന്തിക്കുക. ചിന്തകളെ നന്നായിയൊന്നു നിരീക്ഷിക്കാൻ ശ്രമികുക. "എന്തുകൊണ്ട് ???" എന്ന ചോദ്യം കൊണ്ട് സ്വയം ശ്വാസം മുട്ടിക്കാതെ, സാവധാനം മനസ്സിനെ ഒന്ന് കെട്ടുപൊട്ടിച്ചു വിടുക. ഇഷ്ടമുള്ളത് ചിന്തിക്കാൻ അനുവദിക്കുക. എന്നിട്ട് അത് വിലയിരുത്തുക. പയ്യെ പയ്യെ കാരണങ്ങൾ നിങ്ങളുടെ മുന്നിൽ തെളിയും. ചിന്തകളാൽ തന്നെ അതിനെ ലഘുകരിക്കാൻ ശ്രമിക്കുക.

        ഒരു മായികലോകമാണ് മനസ്സ്, നിർവചിച്ചു പറയാൻ ഇന്നോളം കഴിയാത്ത പ്രതിഭാസം. 'കാലം മായ്ക്കാത്ത മുറിവുകളില്ല' എന്നു കേട്ടിട്ടില്ലേ, ഏതൊരു മുറിവിനേയും കാലക്രമേണ സുഖപ്പെടുത്താനുള്ള കഴിവ് മനുഷ്യ ശരീരത്തിനുണ്ട്, എന്നാൽ മനസ്സിന് അത് ആർജ്ജിച്ചെടുക്കേണ്ട ഒന്നാണ്. മനസിലേറ്റ മുറിവ് മായികുവാൻ കാലത്തിനാകില്ല, അതിനു കഴിയുന്നത് മനസ്സിന് തന്നെയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സഖാവ് സഖി സമരം

  (സെന്റ് സിറിൾസ്‌ കോളേജിന്റെ 2017 -18 കോളേജ് യൂണിയൻ മാഗസിൻ - "അഭിസമൃതി" ക്കായി സഖാവ് അഭിമന്യുവിന്റെ സ്മരണയിൽ കുറിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.... )                        ഒരു ചുവന്ന പൂവിനോട് അല്ലാതെ എനിക്ക് എന്റെ സഖാവിനെ ഉപമിക്കാൻ കഴിയില്ല. പൂമരത്തിന്റെ ഉച്ചിയിൽ തലയെടുപ്പോടെ നിൽക്കുമ്പോഴും, കൊഴിഞ്ഞു താഴെ മണ്ണിൽ വീണപ്പോഴും ആ പൂവിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ഓജസ്സറ്റ് നിലത്തു വീണ പൂവിനെ വീണ്ടും വീണ്ടും ചവിട്ടിയരച്ചപ്പോഴും പൂവിനു നിറം ചുവപ്പ് തന്നെ. കനലാളുന്ന നിന്റെ കണ്ണുകളോടായിരുന്നു സഖാവെ നിന്റെ ഈ സഖിക്ക് പ്രണയം. ഒരിക്കൽ ഈ കാതുകളെ പ്രകമ്പനം കൊള്ളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്ന് കേൾക്കുന്നില്ല. ശൂന്യത എന്ന ഇരുട്ട് എന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു. പക്ഷെ ഒരിക്കലും ആ ഇരുട്ടിനു എന്നെ കീഴടക്കാൻ കഴിയില്ല. കാരണം നീ നൽകിയ പ്രകാശത്തിലാണ് ഇന്ന് ഞാൻ ജീവിക്കുന്നത്. ഓർമയുടെ ചിതറിത്തെറിച്ച കുപ്പിവള തുണ്ടുകൾക്കും നിന്റെ ചോരയുടെ നിറം തന്നെയാണ് സഖാവെ.... സമരതീയാളുന്ന വേളകളിൽ നീ മുറുകെ പിടിച്ച ചെങ്കൊടിക്ക് പ്രണയഭാവം കൂടിയുണ്ടെന്ന് ത...

പ്രണയം @2020

              കണ്ണുകളാൽ കഥകൾ പറയുന്ന പ്രണയങ്ങൾ, പറയാൻ കൊതിച്ച വാക്കുകൾ നാവിൻത്തുമ്പിൽ ഉടക്കിനിന്ന് അത് കടലാസിലെ അക്ഷരങ്ങളായി പരിണമിച്ച പ്രണയങ്ങൾ, ഉള്ളിൽ ഒളിപ്പിച്ച ഇഷ്ട്ടം മുഴുവൻ ഒരു ചെമ്പനീർ പൂവിലേക്ക് ആവാഹിച്ച പ്രണയങ്ങൾ, മേൽപറഞ്ഞ തലങ്ങളിൽ നിന്ന് ഇന്നിന്റെ ഭാവനകൾ  എത്തിനിൽക്കുന്നത് ഒരാൾക്ക് വേണ്ടി മറ്റൊരാൾ ഇല്ലാതാകുന്ന പ്രണയങ്ങളിലേക്കാണ്.       കഴിഞ്ഞ ദിവസമാണ് വിധു വിൻസെന്റ് സംവിധാനം ചെയ്ത "സ്റ്റാൻഡ് അപ്പ്‌" എന്ന ചിത്രം കാണാനിടയാകുന്നത്. കഥ ഒരു ഇരയുടേതല്ല! അതിജീവിച്ചവളുടേതാണ്. ഇന്നിന്റെ പ്രണയമനസ്സുകളിലൂടെ വിഷയത്തെ ഒന്നു വിശകലനം ചെയ്‌താൽ നന്നാകുമെന്ന് തോന്നുന്നു.          ഒരാളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും മറ്റൊരാളുടെ ദുർവാശിക്ക്  മുന്നിൽ, "അനുവാദം" എന്ന കടമ്പയ്ക്ക് മുന്നിൽ ഇല്ലാതായി പോകുന്നു. അടിമയ്ക്ക് സമമായ വിധേയത്തിനും പേര് പ്രണയം. "ആണത്വ" മേൽക്കോയ്മ കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ സഹന കഥകളേറെയും സ്ത്രീപക്ഷമെങ്കിലും, പുട്ടിനു പീരയെന്നപോലെ സഹനശക്തിയുള്ള പുരുഷന്മാരും കുറവൊന്നുമില്ല. പ്രണയബദ്...

വിരക്തി

ഇനിയും ഈ മഷിയ്ക്കാവാഹിക്കാനാവാതെ പോയ ചിന്താ ശകലങ്ങളെ നിങ്ങൾക്ക് മാത്രമായി ഈ യാമം... സിരയിലുണർന്ന് മനസ്സിൽ വിതുമ്പി ഓടി കിതച്ചു വിരൽത്തുമ്പിലെത്തിയിട്ടും ഈ മഷിയുടെ കരിനീലയിൽ പടരാൻ നീ മടിക്കുന്നതെന്തേ? ചുരുട്ടിയെറിഞ്ഞ കടലാസ് കഷണങ്ങളിലും ഗതിപിടിക്കാത്ത ഈ കൈയക്ഷരത്തിലും ജീവിച്ചു മുരടിച്ചിട്ടുണ്ടാകും...!!