പലവട്ടം പെറുക്കിയെടുത്തിട്ടും എഴുതാതെ പോയ അക്ഷരങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷെ അവഗണനയുടെ വിങ്ങലും നിരാശയുടെ നീറ്റലും അവരെ പോലെ അറിഞ്ഞ മറ്റാരെങ്കിലും ഉണ്ടാകുമോ? ശൂന്യതയിൽ എങ്ങോ ചിതറി കിടന്ന അവരെ ആശ കൊടുത്ത് കൂട്ടിയിണക്കിയിട്ട് പറഞ്ഞു പറ്റിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും! കടലാസ്സ് താളിന്റെ വിരിഞ്ഞ നെഞ്ചിലേക്ക് അരിച്ചിറങ്ങാൻ കൊതിച്ചു നിന്നിട്ടും തുരുമ്പെടുത്ത് തുടങ്ങിയ മനസ്സിന്റെ ഇരുണ്ട മൂലയിലേക്ക് അവർ വലിച്ചെറിയപ്പെട്ടു! മറ്റെന്തോ പരതി പോയപ്പോൾ ഒരിക്കൽ കണ്ടു ഓർമ മുറിഞ്ഞു ചിതറി തെറിച്ച അതേ അക്ഷരങ്ങളെ … ഒരിക്കൽക്കൂടി കൂടിചേരാൻ അവർക്കോ കൂട്ടിച്ചേർക്കാൻ എനിക്കോ കഴിയാത്തവണ്ണം അവ ദ്രവിച്ചുപോയിരുന്നു!!!