(സെന്റ് സിറിൾസ് കോളേജിന്റെ 2017 -18 കോളേജ് യൂണിയൻ മാഗസിൻ - "അഭിസമൃതി" ക്കായി സഖാവ് അഭിമന്യുവിന്റെ സ്മരണയിൽ കുറിച്ച കുറിപ്പ് ചുവടെ ചേർക്കുന്നു.... )
ഒരു ചുവന്ന പൂവിനോട് അല്ലാതെ എനിക്ക് എന്റെ സഖാവിനെ ഉപമിക്കാൻ കഴിയില്ല. പൂമരത്തിന്റെ ഉച്ചിയിൽ തലയെടുപ്പോടെ നിൽക്കുമ്പോഴും, കൊഴിഞ്ഞു താഴെ മണ്ണിൽ വീണപ്പോഴും ആ പൂവിന്റെ നിറം ചുവപ്പ് തന്നെയായിരുന്നു. ഓജസ്സറ്റ് നിലത്തു വീണ പൂവിനെ വീണ്ടും വീണ്ടും ചവിട്ടിയരച്ചപ്പോഴും പൂവിനു നിറം ചുവപ്പ് തന്നെ. കനലാളുന്ന നിന്റെ കണ്ണുകളോടായിരുന്നു സഖാവെ നിന്റെ ഈ സഖിക്ക് പ്രണയം. ഒരിക്കൽ ഈ കാതുകളെ പ്രകമ്പനം കൊള്ളിച്ച ആ മുദ്രാവാക്യങ്ങൾ ഇന്ന് കേൾക്കുന്നില്ല. ശൂന്യത എന്ന ഇരുട്ട് എന്നെ വിഴുങ്ങാൻ തയ്യാറെടുക്കുന്നു. പക്ഷെ ഒരിക്കലും ആ ഇരുട്ടിനു എന്നെ കീഴടക്കാൻ കഴിയില്ല. കാരണം നീ നൽകിയ പ്രകാശത്തിലാണ് ഇന്ന് ഞാൻ ജീവിക്കുന്നത്. ഓർമയുടെ ചിതറിത്തെറിച്ച കുപ്പിവള തുണ്ടുകൾക്കും നിന്റെ ചോരയുടെ നിറം തന്നെയാണ് സഖാവെ....
സമരതീയാളുന്ന വേളകളിൽ നീ മുറുകെ പിടിച്ച ചെങ്കൊടിക്ക് പ്രണയഭാവം കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞ നാളുകൾ. അങ്ങനെ ഞാനും ചുവപ്പിനെ പ്രണയിച്ചു തുടങ്ങി. സമൂഹത്തിനും ജാതിക്കും മതത്തിനുമധീതമായ ഈ വിപ്ലവത്തിന് കലാലയ മുറ്റത്തെ ആ വാകമരവും അതിന്റെ കടും ചുവപ്പാർന്ന വാക പൂക്കളുമായിരുന്നു സാക്ഷികൾ. സഖാവെ എന്നൊരു വിളി എവിടെ കേട്ടാലും അന്നു മുതൽ ഇടനെഞ്ചിലെവിടെയോ ഒരു ഗുൽമോഹർ പൂക്കാൻ തുടങ്ങി. വാകമരത്തണലിൽ നിന്നെയും കാത്തിരുന്ന വൈകുന്നേരങ്ങൾ... ചർച്ചകളും സമ്മേളനങ്ങളും കഴിഞ്ഞു എന്നും വൈകി മാത്രം എത്തുന്ന സഖാവ്, ഇത്തിരി പിണക്കത്തോടും ഒത്തിരി പരിഭവത്തോടും ഞാൻ എന്റെ സഖാവിനോട് എപ്പോഴും ചോദിക്കുമായിരുന്നു. "നിങ്ങൾക്ക് എന്നെക്കാളും പ്രിയം ഈ ചെങ്കൊടിയോട് ആണല്ലേ! " -യെന്നു. മറുപടി ഒന്നും പറയാതെ, സഖിയുടെ എല്ലാ പരിഭവങ്ങളും ഒരു ചെറുപുഞ്ചിരിയിൽ അന്ന് നീ മായ്ച്ചു. പക്ഷെ ഇന്ന് എനിക്ക് അറിയാം... സഖാവിന് ഈ സഖിയേക്കാൾ ഒരിത്തിരി പ്രണയം കൂടുതൽ ചെങ്കൊടിയോട് തന്നെയായിരുന്നു. അവന്റെ വാക്കുകളിൽ മാത്രമല്ല, ശ്വാസത്തിൽ പോലും വിപ്ലവത്തിന്റെ ചൂടായിരുന്നു. കൈ മാറുന്ന കത്തുകളിൽ പോലും കാൾ മാർക്സിന്റെ ആശയങ്ങളും ലെനിന്റെ പ്രത്യയ ശാസ്ത്രങ്ങളും ചെഗുവേരയുടെ വിപ്ലവവും നിറഞ്ഞുനിന്നു. സഖി കമ്മ്യൂണിസത്തെ പറ്റി ആഴമായി അറിഞ്ഞത് സഖാവിലൂടെ ആയിരുന്നു. അന്നുവരെ ചെങ്കൊടിക്ക് മുന്നിൽ വെറുമൊരു കാഴ്ചക്കാരിയായി നോക്കിനിന്ന ഞാൻ ആ ചെങ്കൊടിയെ മുറുകെ പിടിക്കാൻ തുടങ്ങി. കട്ടൻചായയെ പ്രണയിച്ചു തുടങ്ങിയതും ആ കാലത്ത് തന്നെയായിരുന്നു. സഖാവിന്റെ ശീലങ്ങളിൽ ഒന്നായിരുന്നു അത്. ചിലപ്പോൾ അതുകൊണ്ട് തന്നെയായിരിക്കാം അങ്ങനെയൊരു ഇഷ്ടം എന്നിൽ മൊട്ടിട്ടത്.
വിധി എന്ന രണ്ടക്ഷരത്തിൽ വിശ്വാസമില്ലെങ്കിൽ പോലും ആ വിധി എത്ര വേഗത്തിലാണ് സഖാവെ നിന്നെ എന്നിൽ നിന്നും അടർത്തിമാറ്റിയത്. ആശയങ്ങൾക്ക് പകരം വർഗീയതയുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടുപോയ അഭിമന്യു. മതം, അതൊരു വിശ്വാസത്തിൽ നിന്നും വിഷമായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണിന്ന്. ഒരു വിശ്വാസം എങ്ങനെയാണു തീവ്രവാദം ആകുന്നത്? ഏത് ചേതോവികാരമാണ് അവരെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്? എന്നുമുതൽ രാഷ്ട്രിയത്തിൽ മതം കലർന്നോ... അന്നു മുതൽ പൊലിയാൻ തുടങ്ങിയതാണ് ഇവിടെ ജീവിതങ്ങൾ. കേരളത്തിലെ ജാതിമതവിവേചനങ്ങൾക്ക് എതിരായി അലമുറയിട്ടയൊരു സമൂഹം ഇവിടെയുണ്ടായിരുന്നു. ഒരു കാലത്ത് ഒട്ടനവധി സമരനയങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും ഇവിടുന്ന് തൂത്തെറിഞ്ഞ ജാതിചിന്ത, വർഗീയതയുടെ കൊടും വിഷവിത്ത്, വീണ്ടും എങ്ങനെയാണ് ഇന്ന് ഒരു സുപ്രഭാതത്തിൽ ഇവിടെ പൊട്ടിമുളച്ചതും പടർന്നു പിടിച്ചതും? മനുഷ്യനെ മതം നോക്കാതെ സ്നേഹിക്കണമെങ്കിൽ ഒരു കമ്മ്യൂണിസ്റ്കാരനാകണം. കമ്മ്യൂണിസം ഒരിക്കലും വിശ്വാസങ്ങൾക്ക് എതിരായിരുന്നില്ല. അങ്ങനെയായിരുന്നു എങ്കിൽ കെ കേളപ്പനും, എ കെ ജിയും, പി കൃഷ്ണപിള്ളയും ആരും തന്നെ ഹൈന്ദവ ക്ഷേത്ര പ്രവേശന സത്യാഗ്രഹങ്ങൾ മുന്നോട്ടു വെയ്ക്കില്ലായിരുന്നു. സമൂഹത്തിൽ മനുഷ്യന്റെ ന്യായമായ ആവശ്യങ്ങൾക്കാണ് സ്ഥാനം, അവിടെയാണ് കമ്മ്യൂണിസത്തിന്റെ പ്രസക്തി. കേരളത്തിലെ കോളനി വാഴ്ച്ചകാലത്ത് ബ്രിട്ടീഷുകാർ ഇവിടെ ജാതിവ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് അവർ ഭരണം നിലനിർത്താൻ മുന്നിൽ കണ്ടത്. ഇന്ന് കേരളത്തിൽ നടക്കുന്ന വർഗീയ പ്രക്ഷോഭങ്ങളെ ഇതിനോടൊന്നു കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇന്നലത്തെ മഴയിൽ കുതിർത്ത, വർഗീയത മാത്രം വിളമ്പുന്ന നാവുകളുടെയും ലക്ഷ്യം ഇതുതന്നെയാകണം.
പേടിയായിരുന്നു സഖാവെ അവർക്കു നിന്റെ വാക്കുകളെ... നിന്റെ ആശയങ്ങളെ... ഒരു കത്തി മുന കൊണ്ട് അവർക്ക് നിന്റെ ഹൃദയത്തെ പിളർത്താൻ കഴിഞ്ഞു. നിന്റെ ശരീരം ചേതനയറ്റിട്ടുണ്ടാവും എന്നാൽ നിന്റെ ആശയങ്ങളുടെ ആത്‌മാവ് ഇന്നും ആയിരങ്ങളിലൂടെ ജീവിക്കുന്നു എന്നവർ അറിയാതെപോയി. മതതീവ്രവാദത്തിന്റെ കൊടും ഭീകരതയെ സ്വന്തം രക്തത്താൽ സാക്ഷ്യപ്പെടുത്തിയ രക്തസാക്ഷി.... നീ നൽകിയ ഓർമകളിലൂടെയാണ് ഇന്ന് ഈ സഖി ജീവിക്കുന്നത്. നമ്മുക്കായി ഇനിയുമൊരു വാക പൂക്കുകയിലായിരിക്കാം, എന്നാൽ നീ സമ്മാനിച്ച ഓർമയുടെ പൂക്കാലത്തിനു ഇനിയുള്ള ഏഴു ജന്മവും നല്ല കടും ചുവപ്പ് നിറം തന്നെയായിരിക്കും. പൂർത്തിയാകാതെ പോയയൊരു കഥയല്ല സഖാവെ നമ്മുടെ ജീവിതം.... ഇന്നും നീ എന്നിൽ നിന്ന് അകലയാണെന്നു ഞാൻ കരുതുന്നില്ല. പോകണം ഇനിയും ഒരുപാട് ദൂരം മുന്നോട്ട്... നീ പങ്കുവെച്ച സ്വപ്നങ്ങളെയും ചിന്തകളെയും കൊണ്ട്, നിന്റെ ആശയങ്ങളുടെ കയ്യും പിടിച്ച്... ഈ സഖി ഒരിക്കലും തളർന്നു വീണുപോകില്ല കാരണം എന്നിൽ അലിഞ്ഞു ചേർന്ന ധൈര്യമാണ് നീ. നിലാവ് മറഞ്ഞ രാത്രികളുടെ ഇരുട്ടിനെ പോലും ഭയന്ന എനിക്കിന്ന് വരാൻ പോകുന്ന ജീവിതത്തിലെ ശൂന്യത എന്ന ഇരുട്ടിനെ പറ്റി ചിന്തിക്കുമ്പോൾ ഒട്ടും ഭയം തോന്നുന്നില്ല. എന്റെ യാത്ര, അത് നിന്നിലൂടെയാണ്. - "വർഗീയത തുലയട്ടെ" എന്നുറക്കെ അലറി വിളിക്കാനാണ് എനിക്കിപ്പോൾ തോന്നുന്നത്. നീ മുഴക്കിയ ഈ ധ്വനികളിലായിരുന്നല്ലോ നിന്റെ അവസാന ശ്വാസവും തങ്ങിനിന്നത്. നിനക്ക് മരണമില്ല സഖാവെ...
ഒരുപാട് പേരിലൂടെ നീ ഇന്നും ജീവിക്കുന്നു. ആയുസ്സിന്റെ കണക്കുപുസ്തകത്തിൽ നീ മറഞ്ഞുപോയെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ വിജയിയാണ് നീ... ഈ സഖി ഇനിയൊരിക്കലും കരയില്ല കാരണം നിന്റെ നെഞ്ചിലെരിഞ്ഞ ആ കനലാണ് ഇന്ന് എന്നിലുള്ളത്. ഈ കനലിനെ ഞാൻ ജ്വാലയാക്കും, ആ അഗ്നിയിൽ നീ പുനർജീവിക്കും. ശരിക്കും പ്രണയമൊരു വിപ്ലവം തന്നെയാണ് സഖാവെ, അതുകൊണ്ട് തന്നെയാണ് പ്രണയത്തിലൂടെ എന്റെയ്യുള്ളവും ചുവന്നത്.
-സഖാവിന്റെ സഖി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ